Search This Blog

Saturday, March 3, 2012

ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയം പ്രാബല്യത്തില്‍

ഇന്‍റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയം പ്രാബല്യത്തിലെത്തി. ഗൂഗിളിന്റെ ഏതെങ്കിലുമൊരു സൈറ്റ് ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട സ്വകാര്യവിവരങ്ങളും മറ്റും കമ്പനിയുടെ ഇതര സൈറ്റുകളുമായി പങ്കുവെക്കുമെന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. കൂടാതെ, ഉപയോക്താവ് വെബ്‌സൈറ്റ് ഉപയോഗിച്ചതു (ബ്രൗസിങ്) സംബന്ധിച്ച എല്ലാ വിവരങ്ങളും ഗൂഗിളിന്റെ മറ്റു സൈറ്റുകളുമായി പങ്കിടും.

ഗൂഗിളിന്റെ വിവിധ സര്‍വീസുകള്‍ക്ക് വെവ്വേറെയുണ്ടായിരുന്ന സ്വകാര്യതാ മാര്‍ഗനിര്‍ദേശങ്ങള്‍ സംയോജിപ്പിച്ച് ഒറ്റ സ്വകാര്യതാനയം നിലവില്‍ വന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.
സ്വകാര്യ വിവരങ്ങള്‍ തങ്ങളുടെ വ്യത്യസ്ത സൈറ്റുകള്‍ക്കിടയില്‍ പങ്കിടുന്നത് ഉപയോക്താവിന്റെ സെര്‍ച്ചിങ്ങും ബ്രൗസിങ്ങും കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉപകരിക്കുമെന്നാണ് 'ഗൂഗിള്‍' അധികൃതര്‍ പറയുന്നത്.

എന്നാല്‍, ഇതു നൈതികതയ്ക്കു നിരക്കാത്തതും യൂറോപ്പിലെയും മറ്റും സ്വകാര്യതാ നിയമങ്ങള്‍ക്കു വിരുദ്ധവുമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ സ്വകാര്യതാനയത്തിന് കീഴില്‍ 60 വ്യത്യസ്ത വെബ്ബ്‌സര്‍വീസുകള്‍ ഉണ്ടാകും. ജീമെയില്‍, യൂട്യൂബ്, വ്യക്തിഗത സെര്‍ച്ച് എന്നിങ്ങനെയുള്ള സര്‍വീസുകളെല്ലാം ഈ നയത്തിന് കീഴില്‍ വരുമെങ്കിലും, പ്രത്യേക കാരണങ്ങളാല്‍ ഗൂഗിള്‍ ബുക്ക്‌സ്, ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ ക്രോം എന്നിവ ഈ നയത്തിന് വെളിയിലായിരിക്കും.

ഗൂഗിള്‍ അക്കൗണ്ടുള്ള ആരും ജീമെയില്‍, യൂട്യൂബ് തുടങ്ങിയ സര്‍വീസുകളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ വ്യാഴാഴ്ച മുതല്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടി വരും. പുതിയ നയം അംഗീകരിക്കുകയെന്നാല്‍, നിങ്ങള്‍ വെബ്ബില്‍ തിരയുകയും വായിക്കുകയും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്ന സംഗതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുക എന്നു കൂടിയാണ് അര്‍ഥം.

ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കാന്‍ പാടില്ല എന്ന നിലപാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഗൂഗിള്‍ അക്കൗണ്ട് ഉപേക്ഷിക്കാം.

എടിഎമ്മും സുരക്ഷിതമല്ല


കള്ളതാക്കാലുപയോഗിച്ച് കാറും ബൈക്കും എന്തിനേറെ വീടും ബാങ്ക് ലോക്കറുകളും വരെ തുറന്ന് കവര്‍ച്ച നടത്തുന്ന സംഘങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍, വളരെ സുരക്ഷിതമെന്ന് നാം കരുതുന്ന എടിഎം ബാങ്ക് അക്കൗണ്ടുകളും ഇത്തരത്തില്‍ വ്യാജകാര്‍ഡിട്ട് തുറന്നാലോ? ഇത്തരം അനേകം കേസുകളാണ് രാജ്യത്ത് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തട്ടിപ്പ് പലപ്പോഴും മറ്റു സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ നിന്നാകുമ്പോള്‍ അന്വേഷണവും വഴിമുട്ടുന്നു. സുരക്ഷിതമെന്ന് നാം കരുതുന്ന എടിഎമ്മുകളൊന്നും അത്രകണ്ട് സുരക്ഷിതമല്ലെന്ന് തന്നെയാണ് ഇത്തരത്തില്‍ 15,000ത്തിലധികം രൂപ നഷ്ടപ്പെട്ടവരുടെ അനുഭവം വ്യക്തമാക്കുന്നത്. പലപ്പോഴും മറ്റു ബാങ്കുകളുടെ എടിഎമ്മുകളാണ് ഇത്തരത്തിലുള്ള കവര്‍ച്ചക്കായി ഉപയോഗിക്കുന്നത് എന്നതിനാല്‍ അക്കൗണ്ട് ഉടമകളുടെ ബാങ്കുകള്‍ക്ക് തട്ടിപ്പ് നടത്തിയതെങ്ങനെയെന്ന് കണ്ടുപിടിക്കാനും വിഷമമാവുന്നു.

ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള എ.ടി.എം സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താവാം ഇത്തരം തട്ടിപ്പു നടത്തുന്നതെന്നതാണ് ബാങ്കുകളുടെ സംശയം. ഉപയോക്താവിന്റെ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പറും എടിഎം കാര്‍ഡിലെ കാന്തിക സ്ട്രിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുമാണ് എ.ടി.എം ഉപയോക്താവിനെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. ഇത് ചോര്‍ത്താനായാല്‍ അക്കൗണ്ടുകള്‍ തകര്‍ക്കാന്‍ എളുപ്പമാണെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു ലഭിക്കുകയെന്നത് അതീവ ദുഷ്‌ക്കരവുമാണ്. തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ അന്വേഷണം ദിവസങ്ങളോളം നീളുന്നതാണ് ഇതിനൊരു കാരണം. തട്ടിപ്പ് നടന്നതെങ്ങനെയെന്ന് ബാങ്കുകള്‍ക്ക് പോലും പറയാന്‍ സാധിക്കാത്തതിനാലാണ് ഈ കാലതാമസം. അവരവരുടെ അക്കൗണ്ടില്‍ ബാക്കിയുള്ള തുകയെത്രയെന്ന് കൃത്യമായി രേഖപ്പെടുത്തി വെക്കുക മാത്രമാണ് കവര്‍ച്ച നടക്കുന്നത് അറിയാനുള്ള പോംവഴി.

എന്തായാലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്ന അവസരത്തില്‍ പോലീസ് ജാഗരുകരായി രംഗത്തെത്തിയിട്ടുണ്ട്. എ.ടി.എം മെഷിനുകളിലെ കീപാഡ് മറയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ് പോലീസ് മുന്നോട്ട് വെയ്ക്കുന്ന ഒരു മാര്‍ഗം. രണ്ട് മെഷിനുകളിലുള്ള കൗണ്ടറുകളില്‍ ഇവ കൃത്യമായി വേര്‍തിരിക്കുന്ന സംവിധാനമുണ്ടാക്കുകയും മറ്റൊരു മാര്‍ഗമാണ്. ഒരേ സമയം ഒരുപാടു പേര്‍ എ.ടി.എം കൗണ്ടറുകളില്‍ നില്‍ക്കുന്നത് തടയാന്‍ ഇതു സഹായിക്കും. കഴിയുന്നതും ഒരു ക്യാബിനില്‍ ഒരു എടിഎം മെഷിന്‍ മാത്രം സ്ഥാപിക്കുകയും ബാങ്കുകള്‍ക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗമാണ്.

കാവല്‍ക്കാരില്ലാത്ത എടിഎമ്മുകളും കര്‍ശനമായി നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. കാവല്‍ക്കാരില്ലാത്ത എടിഎമ്മുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ഏറെയാണ്. ഓരോ ഇടപാടിനും വ്യത്യസ്തമായ പിന്‍നമ്പര്‍ നല്‍കുകയെന്നതാണ് സാധ്യമായ മറ്റൊരു പ്രതിരോധ മാര്‍ഗം. ഉപയോക്താക്കള്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടുകള്‍ കൃത്യമായി പരിശോധിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുകയാണെങ്കില്‍ അത് ബാങ്കിനെ അറിയിക്കാനും മറക്കരുത്. ഇടയ്ക്കിടയ്ക്ക് പിന്‍ നമ്പര്‍ മാറ്റാനും കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കണം.

കണ്ണും കാഴ്ചയും കണ്ടുമുട്ടിയപ്പോള്‍


2002-ലെ ഗുജറാത്ത് കലാപത്തില്‍ നടന്ന കൂട്ടക്കൊലകളുടെ വാചാലമായ തെളിവ് പോലെയായിരുന്നു തൊഴുകൈകളുമായി കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഖുത്തബുദ്ദീന്‍ അന്‍സാരിയുടെ ആ ചിത്രം. അന്‍സാരിയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ റോയ്‌ട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ അര്‍ക്കൊ ദത്ത ആ ഒറ്റ ചിത്രത്തിലൂടെ ഗുജറാത്തി മുസ്ലീങ്ങളുടെ ദുരന്തം ലോകശ്രദ്ധയിലെത്തിച്ചു. പൊലീസ് ദ്രുതകര്‍മസേനയുടെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അര്‍ക്കോ ആണ് അന്‍സാരി ഉള്‍പ്പടെയുള്ള ഒരു സംഘത്തെ അക്രമികള്‍ വളഞ്ഞുവെച്ചത് കണ്ടതും പൊലീസിനെ ആ സ്ഥലത്തേക്ക് നയിച്ച് അന്‍സാരിയുടെയും മറ്റുള്ളവരുടെയും ജീവന്‍ രക്ഷിച്ചതും.

എന്തായലും ഒറ്റ രാത്രി കൊണ്ട് ലോകപ്രസിദ്ധമായ ആ ചിത്രം എത്രയോ കാലം അന്‍സാരിക്ക് ഒരു തലവേദനയായി. ആ ചിത്രം മൂലം എത്രയോ സ്ഥലങ്ങളില്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. എങ്കിലും ഒരു പതിറ്റാണ്ടിന് ശേഷം ബി.ബി.സി. അര്‍ക്കോയെയും അന്‍സാരിയേയും ഒന്നിപ്പിച്ചപ്പോള്‍ ഇരുവര്‍ക്കും അത് വൈകാരികമായ നിമിഷമായി.